എന്താണ് മോറട്ടോറിയം? വായ്പാ തിരിച്ചടവുള്ളവര്‍ ശ്രദ്ധിക്കുക
ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള കാര്യം എല്ലാവരും എല്ലാവരും അറിഞ്ഞുകാണുമല്ലോ. എന്താണ് ഈ മോറട്ടോറിയം? ആര്‍ക്കൊക്കെ ഇത് ലഭിക്കും? നിബന്ധനകള്‍ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് ഇവിടെ. സോഷ്യല്‍ മീഡിയകള്‍ വഴി പല വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും ഇതേക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്നതുകൊണ്ട് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇത് നിങ്ങള്‍ക്ക് ഉപകരിക്കും. തെറ്റിദ്ധരിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തിര്‌ക്കേണ്ട ചില വസ്തുതകള്‍ ഇതോടൊപ്പം വായിക്കാം.
വായ്പാ തിരിച്ചടവിന് മൂന്ന് മാസം സാവകാശം അനുവദിക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കിയിരുന്നു. ഇതാണ് മോറട്ടോറിയം എന്ന് അറിയപ്പെടുന്നത്. ഇത് വായ്പാ തിരിച്ചടവിനുള്ള സാവകാശം മാത്രമാണ്. അതായത് പലിശയിളവോ മുതലോ പലിശയോ ഒഴിവാക്കലോ അല്ല. മോറട്ടോറിയം അനുസരിച്ച് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള തിരിച്ചടവിനാണ് സാവകാശം ലഭിക്കുക. എല്ലാ തരം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവിനും ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ തിരിച്ചടവിനുമൊക്കെ മോറട്ടോറിയം ലഭ്യമാണ്.
ഇതുപ്രകാരം ഫെബ്രുവരി 29 വരെയുള്ള തിരിച്ചടവില്‍ മുടക്കമില്ലെങ്കിലേ മോറട്ടോറിയം ലഭിക്കുകയുള്ളൂ. കാരണം കോവിഡ് ബാധയുടെയും അതോടനുബന്ധിച്ചുണ്ടായ ലോക്കഡൗണിന്റെയും ഫലമായി ബിസിനസ്സിലും തൊഴിലിലും നേരിട്ട പ്രതിസന്ധി കാരണം വായ്പാ തിരിച്ചടവിന് ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാണ് റിസര്‍വ്വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തിന് ശേഷമാണ് കോവിഡ്-19 മൂലമുള്ള പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും പ്രകടമായത് എന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്നത്. അതായത് ഫെബ്രുവരി 29 വരെ വായ്പാ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനു കാരണം കോവിഡ്-19 ആണെന്ന് റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്നില്ല എന്നു സാരം.
മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള മാസ തവണകള്‍ക്കാണ് മോറട്ടോറിയം അഥവാ തിരിച്ചടവിനുള്ള സാവകാശം ലഭിക്കുക. ഈ തവണകള്‍ ഒന്നിച്ച് ജൂണ്‍ മാസത്തില്‍ അടക്കേണ്ടതില്ല. മൊത്തം തവണകളുടെ എണ്ണം കൂട്ടുകയോ മാസതവണ വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുണ്ടെങ്കില്‍ അങ്ങിനെയോ അടച്ച് തീര്‍ത്താല്‍ മതിയാവും. എന്നാല്‍ മോറട്ടോറിയം നിലവവിലുള്ള മാസങ്ങളിലും പലിശ കണക്കാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിലവിലെ വായ്പയുടെ പലിശനിരക്കില്‍ തിരിച്ചടവ് നടത്താത്ത തുകക്കും പിന്നീട് പലിശ നല്‍കണം. ഈ പലിശ മുതലിനോടൊപ്പം ചേര്‍ക്കുമെന്നാണ് ബാങ്കുകളും ധനകാര്യ സ്്ഥാപനങ്ങളും വ്യക്തമാക്കുന്നത്.
മോറട്ടോറിയം അനുവദിക്കാനുള്ള അനുവാദം ബാങ്കുകള്‍ക്ക് നലല്‍കുക മാത്രമാണ് റിസര്‍വ്വ് ബാങ്ക് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഓരോ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ഥ രീതികളാണ് സ്വീകരിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം മോറട്ടോറിയം വേണ്ടെങ്കില്‍ അറിയിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ മോറട്ടോറിയം വേണമെങ്കില്‍ അറിയിക്കണമെന്നാണ് ചില സ്ഥാപനങ്ങളുടെ അറിയിപ്പ്. അതോടൊപ്പം തിരിച്ചടവ് ശേഷി കുറഞ്ഞിട്ടില്ലാത്തവര്‍ക്ക് തിരിച്ചടവ് സാധാരണ രീതിയില്‍ തുടരാമെന്ന് ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപദേശിക്കുന്നുണ്ട്. എന്നാല്‍ മെയ് 31 വരെ എന്തെങ്കിലും അടിയന്തിര ആവശ്യം നേരിടാന്‍ ഈ പണം കരുതിവക്കാവുന്നതാണ്. പ്രത്യേകിച്ച് ആവശ്യങ്ങളോന്നും വന്നില്ലങ്കില്‍ ജൂണില്‍ വായ്പയിലേക്ക് തിരിച്ചടക്കുകയും ചെയ്യാം.
ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം വായ്പയെടുക്കാനുള്ള യോഗ്യതയായ ക്രെഡിറ്റ് സ്‌കോറിനെ മോറട്ടോറിയം ബാധിക്കില്ലെന്നതാണ്. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ തിരിച്ചടവ് മുടങ്ങുന്നത് സിബില്‍ പോലുള്ള ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോകളെ അറിയിക്കില്ലെന്ന് ബാങ്കുകളും ധനകാര്യ സ്ഥാപലങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വ്യവസ്ഥകളും നിബന്ധനകളും വ്യത്യസ്ഥമായതിനാല്‍ വിശദ വിവരങ്ങള്‍ക്ക് വായ്പയെടുത്ത ശാഖയുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.
തല്‍ക്കാലം അകന്നു നില്‍ക്കാം. നമ്മള്‍ ഇതും അതിജീവിക്കും.

Comments
Post a Comment