ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും


കോവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു 15 ദിവസം പിന്നിടുകയാണ്. ലോകത്തെയാകെ കാര്‍ന്നു തിന്നുന്ന കോവിഡ്-19 എന്ന മഹാമാരി ഇന്ത്യയെയും തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഭീതിയിലായ ജനതയെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടും സമയം കളയാതെ ശ്രമിച്ചതിന്റെ ഫലമായി ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം താരതമ്യേന നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ തീര്‍ത്തും ശരിയായ തീരുമാനമായിരുന്നെങ്കിലും ദിവസ വേതനക്കാരായ സാധാരണക്കാരിലും ജോലിക്കാരിലും ബിസിനസ്സുകാരിലും അടക്കം അതുണ്ടാക്കിയ ആശങ്ക ചെറുതൊന്നുമല്ല. ഇതൊരു പാഠമായിരുന്നു എന്നുതന്നെ പറയാം.

ഈ ലോക്കഡൗണ്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് നിയന്ത്രണങ്ങളുടെ കാലഘട്ടമായിരുന്നു. ജീവിതത്തിലെ പല കാര്യങ്ങളും അനിവാര്യമായിരുന്നില്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞ കാലഘട്ടം. യാത്രാ നിയന്ത്രണങ്ങളിലൂടെ യാത്രാക്ലേശം അനുഭവപ്പെട്ടെങ്കിലും ചില പരക്കം പാച്ചിലുകള്‍ അനാവശ്യമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞ കാലഘട്ടം. ഇത് കാലം നല്‍കിയ തിരിച്ചറിവാണെന്ന് ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടില്ലേ? ഭൂമി ഒന്ന് റീഫ്രഷ് ചെയ്തതാണെന്ന് ഒരുവേളയെങ്കിലും നമ്മള്‍ ചിന്തിച്ചില്ലേ? മലിനമായിരുന്ന അന്തരീക്ഷവും ജലാശയങ്ങളും കുറച്ചെങ്കിലും ശുദ്ധീകരിക്കാന്‍ ഈ ചുരുങ്ങിയ കാലഘട്ടം കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ ആ തോന്നലിനെ കുറ്റം പറയാന്‍ പറ്റില്ല. ആരാണ് ഇതൊക്കെ മലിനമാക്കിയത്? ഞാനും നിങ്ങളും ഉള്‍പ്പെടുന്ന മനുഷ്യസമൂഹം തന്നെ. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ നമ്മള്‍ മലിനമാക്കിയത് നമ്മെക്കൊണ്ടുതന്നെ ശുദ്ധീകരിപ്പിക്കാന്‍ ആര്‍ക്കോ സാധിച്ചില്ലെ? ആരായിരിക്കാം അത്? കോവിഡോ സര്‍ക്കാരോ അതോ മറ്റേതെങ്കിലും ശക്തികളോ..

ആരാധനാലയങ്ങളും മതവിശ്വാസങ്ങളും മഹത്തായ ഒരു ജീവിതചര്യ എന്നതിനപ്പുറം ഒന്നുമല്ല എന്ന് നാം തിരിച്ചറിഞ്ഞു. നന്മയുള്ള ജീവിതരീതി പ്രദാനം ചെയ്ത് ഭൂമി സ്വര്‍ഗ്ഗീയമാക്കാന്‍ രചിക്കപ്പെട്ടവയാണ് എല്ലാ മതങ്ങളും. ഈ പരീക്ഷണ കാലഘട്ടം കഴിയുമ്പോഴെങ്കിലും അതു മനസ്സിലാക്കി തീവ്ര ചിന്തകള്‍ നമുക്ക് സാധിച്ചെങ്കില്‍! വിശ്വാസങ്ങളുടെ പേരില്‍ കച്ചവടം നടത്തുന്നവര്‍ ഇനിയെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍! ഒരു മഹാദുരന്തത്തെ നേരിടാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് പര്യാപ്തം എന്ന് നാം തിരിച്ചറിയുന്നു. അത്ഭുതകരമായി രോഗശാന്തി വരുത്തുന്നവരും വ്യാജവൈദ്യന്‍മാരും അരങ്ങുവാണിരുന്ന നാട് ഇന്ന് പൂര്‍ണ്ണമായും ആധുനിക വൈദ്യശാസ്ത്രത്തില്‍ അഭയം തേടിയിരിക്കുന്നു. ദൈവങ്ങളെവിടെ എന്ന് ചോദിച്ചവര്‍ക്കു മുന്നില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഭരണകൂടത്തെയും ചൂണ്ടിക്കാണിച്ച് ഇതാ ഞങ്ങളുടെ ദൈവം എന്ന് നമുക്ക് മടിക്കാതെ പറയാം.

ബിസിനസ്സ് മേഖല ഇനി എങ്ങിനെയായിരിക്കും, എങ്ങിനെയായിരിക്കണം എന്നുള്ളതും ഒരു വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കാരണം ഒട്ടുമിക്ക ആളുകളും ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങി. അതോടൊപ്പംതന്നെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈനിലേക്ക് വരാനും തുടങ്ങി. ഇനി വരുന്നത് ഓണ്‍ലൈനന്‍ വ്യാപാരത്തിന്റെ കാലഘട്ടമാണോ എന്ന് നമ്മള്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടാനില്ല. മൊബൈല്‍ഫോണും കമ്പ്യൂട്ടറും പോലുള്ള വസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങിയിരുന്ന നമുക്ക് ഇപ്പോള്‍ പലചരക്കും പച്ചക്കറികളും വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുപടിക്കല്‍ എത്തിച്ചുതരുന്നു.

അതെ നമ്മള്‍ മാറേണ്ടതുണ്ട്. ആധുനികമായിത്തന്നെ. പ്രകൃതിക്കും പ്രകൃതി സ്രോതസ്സുകള്‍ക്കും ദോഷം വരുത്താതെ ഭൂമിയില്‍ ലഭ്യമായ എല്ലാ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചുതന്നെ തെറ്റുകള്‍ തിരുത്തി നമ്മള്‍ ഇനിയും ജീവിതം മുന്നോട്ടുകൊണ്ടുപോകണം. മുന്‍പ് എവിടെയോ വായിച്ച വരികള്‍ ഓര്‍മ്മ വരുന്നു. 'ജീവിതം മുന്നോട്ടാണ്. എന്നാല്‍ ജീവിതം പഠിക്കേണ്ടത് പിന്നോട്ടു നോക്കിയാണ്.' ഇതൊരു പാഠമാണ്. പഠിക്കാന്‍ ഒരുപാടുള്ള പാഠം.


Comments

Popular posts from this blog

പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020