പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?


ലോക്ക്ഡൗണിനോടോപ്പം നിരോധനാജ്ഞയും നിലവിലുള്ള കേരളത്തില്‍ പുറത്തിറങ്ങി നടക്കുന്നതിന് നിയന്ത്രണങ്ങളുള്ള കാര്യം എല്ലാവര്‍ക്കും അറിയാമായിരിക്കും ലോക്കഡൗണിനു ശേഷം എന്തായിരിക്കും എങ്ങിനെയായിരിക്കും കാര്യങ്ങള്‍ എന്നുള്ളതിനെകുറിച്ച് സര്‍ക്കാര്‍ രൂപരേഖ തയ്യാറായി വരുന്നേ ഉള്ളൂ. കോവിഡ്-19 ലോകമാകെ പടര്‍ന്നുപിടിച്ച ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുനീങ്ങുക എന്നതാണ് നമുക്ക് ചെയ്യാനുള്ള ഏക മാര്‍ഗ്ഗം.

നിരോധനാജ്ഞ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുണ്ട്. എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോവുകകയാണെങ്കില്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സത്യവാങ്മൂലം പൂരിപ്പിച്ച് കയ്യില്‍ കരുതേണ്ടതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ഇത് പോലീസ് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ പിടിക്കപ്പെട്ടാല്‍ അറസ്റ്റ് ചെയ്യപ്പെടാനും വാഹനം പിടിച്ചുകൊണ്ടു പോവാനും സാധ്യതയുണ്ട്. പിന്നീട് വന്‍ തുക പിഴയിലേക്കും ജയില്‍ വാസത്തിലേക്കും മറ്റു നിയമക്കുരുക്കുകളിലേക്കും ഇത് നയിച്ചേക്കാം.

എന്നാല്‍ പോലീസ് അംഗീകരിച്ച ഒരു പാസ്സ് എങ്ങിനെ നേടാം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ഓണ്‍ലൈന്‍ ആയാണ് ഈ പാസ്സ് കരസ്ഥമാക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഈ പാസ്സിനായി അപേക്ഷിക്കാന്‍ പാടുള്ളൂ. ഇതിനായി pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍  പ്രവേശിക്കുക. ഇതില്‍ രണ്ട് ടാബ് കാണാം. Affidavit എന്നും Emergency Pass എന്നും. വളരെ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ Emergency Pass എന്ന ഭാഗം തിരഞ്ഞെടുക്കേണ്ടതുള്ളൂ. Affidavit എന്ന ഭാഗത്ത് പേര്, അഡ്രസ്സ്, വാഹന നമ്പര്‍, വാഹനം ഏതാണ് എന്നുള്ളത്, കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ ആ വ്യക്തിയുടെ വിവരങ്ങള്‍ (പരമാവധി കൂടെ ആരെയും ഉള്‍പ്പെടുത്താതിരിക്കുക) പിന്നെ എവിടെ നിന്നും എവിടേക്ക് യാത്ര ചെയ്യുന്നു, ഏത് ദിവസമാണ് പോകുന്നത്, ഏത് സമയം മുതല്‍ ഏത് സമയം വരെയാണ് യാത്ര ചെയ്യുന്നത്, നിങ്ങള്‍ക്ക പുറത്തിറങ്ങേണ്ട ആവശ്യം എന്താണ് എന്നതും നിങ്ങളുടെ മൊബൈല്‍ നമ്പറും ഒപ്പുമാണ് വേണ്ടത്. ഒപ്പിടുന്നതിനു വേണ്ടി ഒരു വെള്ള പേപ്പറില്‍ ഒപ്പിട്ട് അത് ഫോട്ടോ എടുത്തതിനു ശേഷം Choose File എന്നതില്‍ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യാം. ഒപ്പിട്ട ഫോട്ടോ 1 MB യില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം നിങ്ങള്‍ ഏത് പോലീസ് സ്‌റ്റേഷനു കീഴിലാണ് എന്ന് സെലക്ട് ചെയ്തു കൊടുക്കുക. അതിനു ശേഷം I'm Not a Robot എന്ന ഭാഗം ടിക്ക് ചെയ്യുക. തുടര്‍ന്ന് താഴെയുള്ള Submit അമര്‍ത്തുക.

ഇപ്പോള്‍ നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു എന്ന സന്ദേശം കാണാം. തുടര്‍ന്ന് നിങ്ങളുടെ അപേക്ഷ വെരിഫിക്കേഷനു ശേഷം നിങ്ങള്‍ക്ക് അനുവദിക്കപ്പെടുകയാണെങ്കില്‍, ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് ആയി ലഭിക്കുന്നതാണ്. ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പോലീസ് ചെക്ക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ മൊബൈലില്‍ കാണിച്ചു കൊടുത്താല്‍ മതി. ഇനി നിങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയാണെങ്കില്‍ ആ വിവരവും നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ എസ് എം എസ് ആയി ലഭിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങള്‍ നല്‍കിയ വിവരത്തിന് വിരുദ്ധമായാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത് എങ്കില്‍ നിങ്ങളുടെ പേരില്‍ കേസ് എടുക്കാനും വാഹനം പിടിച്ചുകൊണ്ടു പോവാനും സാധ്യതയുണ്ട്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്താനന്‍ ശ്രദ്ധിക്കുക.

നമ്മള്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ ഈ വിപത്തിനെ നേരിടാനൊക്കൂ.

Comments

Popular posts from this blog

ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020