കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020


ഇന്ന് നമ്മുടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8 പേര്‍ കാസര്‍ഗോഡ് ജില്ലയാണ്. 5 പേര് ഇടുക്കിയാണ്. 2 പേര് കൊല്ലം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശുര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതം. ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1655934 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് ആശുപത്രിയില്‍ പ്രവവേശിപ്പിച്ചത് 145 പേരെയാണ്. 8456 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 7622 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇന്ന് പോസിറ്റീവ് ആയതുള്‍പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. 7 പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചവര്‍ 76 പേരാണ്. ഇതിനു പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേര്‍ നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയതാണ്. ഇതുവരെ നെഗറ്റീവായവര്‍ 28. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസള്‍ട്ട് നെഗറ്റീവ്  ആയി. രോഗം ഭേദമായവരില്‍ 4 വിദേശികളുമുണ്ട്. ഇന്ന് പ്രധാനമന്ത്രി ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. അതില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി. കേന്ത്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണ് മലയാളികള്‍. ആ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. രോഗ സാധ്യത സംശയിക്കുന്നവര്‍ക്ക് കോറന്റൈന്‍ കേന്ദ്രങ്ങള്‍ അതതു രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ ഒരുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇവിടെനിന്ന് പോയി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വ്യക്തിഗദ പ്രതിരോധ സംവിധാനങ്ങളും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം. കൊറോണയല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അഥിതി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം എന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണം. കൂടുതല്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്ക് അനുവാദം തരണമെന്ന് ആവശ്യപ്പെട്ടു. കേരളം റാപിഡ് ടെസ്റ്റ് തുടങ്ങുന്നതിന്റെ വിശദാംശവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. റാപ്ഡ് ടെസ്റ്റിനാവശ്യമായ കിറ്റുകള്‍ ഹോങ്കോങ്ങില്‍ നിന്നും വിമാനമാര്‍ഗ്ഗം ദൈനംദിനം കൊണ്ടുവരേണ്ടതുണ്ട്. അതിനു കേന്ദ്രഗവണ്‍മെന്റിന്റെ സഹായവും അഭ്യാര്‍ത്ഥിച്ചു. പ്രധാനമന്ത്രി ചില കാര്യങ്ങളില്‍ അദ്ദഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തുകയുണ്ടായി. അതില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ചിലത് നമ്മളിവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു കാര്യം എന്‍.സി.സി, എന്‍ എസ് എസ് വാളണ്ടിയര്‍മാരെകൂടി ചേര്‍ത്ത് സന്നദ്ധപ്രവര്‍ത്തനം വിപുലീകരിക്കണം എന്ന നിര്‍ദേശം അദ്ദേഹം പങ്കുവക്കുകയുണ്ടായി. നമ്മളത് ആ തരത്തില്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് നല്ല രീതിയില്‍ ഈ സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ കണക്ക് 231000 വാളണ്ടിയര്‍മാര്‍ ആയിട്ടുണ്ട്. അതില്‍ യുവജന കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത 12000 വാളണ്ടിയര്‍മാരും കൂടി ഉള്‍പെടുന്നുണ്ട്. യുവജനകമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ആള്‍ക്കാര്‍ ഇതിന്റെ ഭാഗമായി ഇനി വരാനിരിക്കുകയാണ്. ഇതിനു പുറമെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍ സി സി, എന്‍ എസ് എസ് വാളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ വാളണ്ടിയര്‍മാരായി ചേരാവുന്നതാണ്. അതില്‍ 5 വര്‍ഷത്തിനുള്ളില്‍ എന്‍ സി സി, എന്‍ എസ് എസ് വാളണ്ടിയര്‍മാരായി ഇരുന്നവര്‍, ഇപ്പോള്‍ വിട്ടു പോയവര്‍ എന്നിവരെകൂടി ഉള്‍പ്പെടുത്തുക എന്നുകൂടി പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതും നമുക്ക് ചെയ്യാവുന്നതാണ്. അതോടൊപ്പം കോവിഡ് പ്രത്യേക ആശുപത്രികള്‍ തുടങ്ങാന്‍ കൂടുതല്‍ മൂലധനം ആവശ്യമായി വരികയാണ്. അതിനുള്ള തുക ദുരന്തനിവാരണ നിധിയില്‍ നിന്ന് ഉപയോഗിക്കാന്‍ അനുവാദം തരണം എന്നു നാം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്നും അത് 3 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച കാര്യം എന്‍ ജി ഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ Crisis Management Group ഉണ്ടാക്കണം എന്നാണ്. അത് നമുക്ക് ഉണ്ടാക്കാവുന്നതാണ്. അതോടൊപ്പം കാര്‍ഷിക രംഗത്ത് വിളകള്‍ കമ്പോളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ട്രക്ക് ഓണ്‍ലൈന്‍ പോളിംഗ് നടത്തണം എന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി. ആ തരത്തില്‍ നമ്മള്‍ നടപടി സ്വീകരിക്കുന്നത് കാര്‍ഷിക രംഗത്ത് ഉത്തേജനമാവും. മറ്റൊരു പ്രത്യേകതയുള്ളത് SDRF ന്റെ സംസ്ഥാന വിഹിതമായി നമ്മുടെ സംസ്ഥാനത്തിന് 157 കോടി കിട്ടും എന്ന കാാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഹോട്‌സ്‌പോട്ടുകളായി തരംകിരിക്കപ്പെട്ട ജില്ലകളില്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുരം, എറണാംകുളം, തൃശ്ശൂര്‍, തിരുവനന്തപുരം ഇത്രയും ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി. അപ്പൊ നാം നല്ല ജാഗ്രത കാണിക്കേണ്ടതുണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോക്കഡൗണ്‍ അവസാനിക്കുന്നതോടെ ആളുകള്‍ തള്ളിക്കയറുന്ന സാഹചര്യം ഒഴിവാകക്കേണ്ടതാണ്. എങ്ങനെ ക്രമേണ ഒഴിവാക്കാം എന്നതിനെകുറിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം കേന്ദ്രം ആരായുകയാണ്. സംസ്ഥാനങ്ങള്‍ വിദഗ്ദരുടെ ടാസ്‌ക് ഫോര്‍സ് രൂപീകരിച്ച് വിവരങ്ങള്‍ നല്‍കണം. അതിനാവശ്യമായ നടപടി സംസ്ഥാനം സ്വീകരിക്കുകയാണ്. നാളെത്തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വിദഗ്ദ സമിതിയെ നിയമിക്കുന്ന നടപടികളിലേക്ക് കടക്കും. രോഗികളുടെ എണ്ണത്തില്‍ മുന്‍പിലാണെങ്കിലും കേരളത്തില്‍ മരണനിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണ് എന്നത് ആമുഖ പ്രഭാഷണത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെടുകയും ചെയ്തു. രോഗവ്യാപനം ലോകത്താകമാനം രൂക്ഷമാവുകയാണ്. ആ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അത്തരക്കാര്‍ ദിശ നമ്പറിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 വയസ്സിനു മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി അവര്‍ ഇടപഴകാന്‍ പാടില്ല. സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിത്. പോത്തന്‍കോട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വന്നിട്ടുണ്ട്. ഇവിടെ ഏതെങ്കിലും തരത്തില്‍ ജനജീവിതമാകെ സ്തംഭിപ്പിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ നല്ല കരുതലോടെ നാം നീങ്ങേണ്ടതായിട്ടുണ്ട്. ഒരു കുടുംബത്തെയും ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ പാടില്ല. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലര്‍ സ്വീകരിക്കുന്ന സമീപനത്തെകുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവിടെ ഉത്തരവാദപ്പെട്ട പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടകലര്‍ന്ന് ഓടി നടക്കുന്നു എന്ന് പരാതി ഉയര്‍ന്നു വരുന്നുണ്ട്. എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിച്ചു പോവണം. അതോടൊപ്പം ആവശ്യമായ ബോധവല്‍ക്കരണവും ഉണ്ടാവണം. സംസ്ഥാനത്ത് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം നടക്കുന്നുണ്ട്. ഇന്നത് ശരാശരിയില്‍ താഴെയാണ്. അരിയുമായി ഇന്ന് 130 ട്രക്കുകളാണ് വന്നത്. 1721 ട്രക്കുകള്‍ ആകെ വന്നു. ഫെബ്രുവരിയില്‍ ശരാശരി 2560 ട്രക്കുകള്‍ വന്നിടത്താണ് ഇത്തരത്തില്‍ സംഭവിച്ചത്. ചില സാധനങ്ങള്‍ ചില ദിവസങ്ങളില്‍ വരുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാവാറുണ്ട്. അതിന്റെ ഭാഗമായിട്ടുകൂടിയാണ് എന്ന ചില വിശദീകരണം കേള്‍ക്കുന്നുണ്ട്. പച്ചക്കറികളുമായി 331 ലോറികളാണ് എത്തിയത്. സര്‍വ്വീസ് പെന്‍ഷന്‍ വിതരണത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലപ്രദമായിരുന്നു. വലിയ തിരക്കും പരാതിയുമില്ലാതെ ആദ്യ ദിവസം പെന്‍ഷന്‍ വിതരണം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു 1646 കോടി 28 ലക്ഷം രൂപ അനുവദിച്ചു. ഈ തുകയില്‍ നിന്ന് കൊറോണ പരിരക്ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാവുന്നതാണ്. 1325 കമ്മ്യൂണ്റ്റി കിച്ചണില്‍ നിന്ന് 288069 പേര്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. ഇതില്‍ 263423 പേര്‍ക്ക് സൗജന്യമായിട്ടാണ് നല്‍കിയത്. ഇന്ന് 2836000 പേര്‍ റേഷന്‍ ഈ രണ്ടു ദിവസങ്ങളില്‍ വാങ്ങിയിട്ടുണ്ട്. ഇന്നു മാത്രം വാങ്ങിയത് 1361000 പേരാണ്. ബില്ലിംഗിന്റെ വേഗതക്കുറവ്, സുരക്ഷാക്രമീകരണം ഇല്ലായ്മ, മണ്ണെണ്ണ ക്ഷാമം ഇങ്ങനെയെല്ലാമുള്ള പരാതികള്‍ റേഷന്‍ രംഗവുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഭക്ഷ്യവിതരണ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്, ശക്തമായി അവര്‍ ഇടപെടും. വയനാട് ആദിവാസി മേഖലയില്‍ റേഷന്‍ വാങ്ങാനെത്തുന്നവര്‍ മുഴുവന്‍ സാധനങ്ങളും വാങ്ങിയില്ലെങ്കിലും വാങ്ങിയതായി കൃത്രിമ രേഖയുണ്ടാക്കുന്നു എന്ന ഒരു ആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട്. ചിലപ്പൊ ഒറ്റപ്പെട്ട സംഭവമായിരിക്കാം എന്നാലും അത് പ്രത്യേകമായിതന്നെ പരിശോധിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും. ആശുപത്രികള്‍ക്കു പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകള്‍, ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍ ഇവിടങ്ങളിലെല്ലാം കൂടി ഒരു ലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികള്‍ക്കു പുറമെ അടിയന്തിര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് എപ്പിഡമിക് ഡിസീസ് ആക്റ്റ് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നു പറഞ്ഞിരുന്നു. ഇതുവരെ 1663 കേസ് ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും ഈ ഘട്ടത്തില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമത്തിലാണ്. ആ തിരക്കില്‍ മറ്റു രോഗങ്ങളെയും രോഗപകര്‍ച്ചയെയും കാണാതിരിക്കരുത്. സിക്ക വൈറസ്, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയുമൊക്കെ നമ്മള്‍ നേരത്തെ നേരിട്ടതുമാണ്. ഇതിലെല്ലാം പ്രധാനം പരിസര ശുചീകരണമാണ്. ആവശ്യമായ കരുതലും. ഇത് ഇല്ലാതാവരുത്. പരിസരങ്ങളില്‍ വെള്ളം കെട്ടിനിന്നാണ് കൊതുക് വളരുന്നത്. അതിനുള്ള സാഹചര്യം വെള്ളം കെട്ടിനില്‍ക്കുന്നതാണെന്ന് മനസ്സിലാക്കി അതൊഴിവാക്കേണ്ടതാണ്. ഇതില്‍ ഫ്രിഡ്ജിനകത്തുള്ള ട്രേയില്‍തന്നെ ഉള്ള വെള്ളത്തില്‍ കൊതുക് വളരുമെന്ന് വിദഗ്ദര്‍ പറയുന്നുണ്ട്. അത് സാധാരണ ശ്രദ്ധിക്കുന്ന ഒരു കാര്യമല്ല. അപ്പൊ അതെല്ലാം മാറ്റിക്കളയാനുള്ള നടപടികള്‍ സ്വീകരിക്കേമ്ടതാണ്. വെള്ളം കെട്ടി നില്‍ക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്. നമ്മുടെ കേരള സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ കീഴില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവവര്‍, സ്ത്രീകള്‍, കുട്ടികള്‍ ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇവയിലെല്ലാം കൂടി 33000 അന്തേവാസികള്‍ ഉണ്ട്. ഇവയില്‍ പലതും പ്രവര്‍ത്തിച്ചു പോകുന്നത് നാട്ടില്‍ നിന്നു ലഭിക്കുന്ന സംഭാവന കൂടി അടിസ്ഥാനമാക്കിയായിരുന്നു. പല കാര്യങ്ങളിലും ഉദാരമതികള്‍ വലിയ സഹായമാണ് ചെയ്യാറുള്ളത്. എന്നാല്‍ കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോള്‍ അത്തരം ആള്‍ക്കാര്‍ക്ക് ഇവിടെ എത്തിപ്പെടാന്‍ പറ്റുന്നില്ല, അവശ്യ സാധനങ്ങള്‍ ലഭിക്കാതെ വരികയും, ഉള്ള സ്റ്റോക്ക് തീരുന്ന സ്ഥിതി പല സ്ഥാപനങ്ങളിലും വന്നിരിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളില്‍ മരുന്നിനു തന്നെ ദൗര്‍ലഭ്യമുണ്ട് എന്ന് അറിയുന്നു. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കേണ്ടതാണ് എന്നു കാണുകയുണ്ടായി. സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കും. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും മരുന്നും ഈ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാവും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് ഇതുമായി ബന്ധപ്പെട്ട വിതരണങ്ങള്‍ നടത്തുക. അതോടൊപ്പം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ആവശ്യമായ മരുന്നും നല്‍കും. വേറൊരു പ്രശ്‌നം നില നില്‍ക്കുന്നത് ഇന്നത്തെ ഘട്ടത്തില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. കാരണം പലയിടത്തും മാലിന്യം വര്‍ദ്ധിക്കുന്നുണ്ട്. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ഈ കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ പറഞ്ഞ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും മാലിന്യ നിര്‍മാര്‍ജനം പ്രധാനമാണ്. റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഇതില്‍ നല്ല മുന്‍കൈയ്യെടുക്കാന്‍ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇക്കാര്യത്തില്‍ നേതൃത്വം നല്‍കുകയും വേണം. നിര്‍മ്മാണ തൊഴിലാളികള്‍ ഇപ്പോള്‍ വലിയ പ്രയാസത്തിലാണ്. അത് പരിഗണിച്ച് നിര്‍മ്മാണതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 1000 രൂപ വീതം ഓരോ തൊഴിലാളിക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കശുവണ്ടി സംഭരണം നടത്തേണ്ട കാര്യം നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. കശുവണ്ടി സംഭരിക്കുന്നവര്‍ അത് സഹകരണ സംഘങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ ഉണക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കേടുപറ്റാനിടയുണ്ട്. അതോടൊപ്പം ഈ കശുവണ്ടി കാപെക്‌സും കശുവണ്ടി വികസന കോര്‍പ്പറേഷനും ഏറ്റെടുക്കുന്നതാണ്. കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തടസ്സമില്ലാതെ നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത് വീടുകള്‍ അണുമുക്തമാക്കാന്‍ എന്ന പേരില്‍ ലോറിയില്‍ വെള്ളവുമായി ചിലര്‍ നടക്കുകയയാണ്. വീടിന്റെ മതിലിലും ഗേറ്റിലും ഇവര്‍ ഈ ലായനി തളിക്കുകയാണ്. തളിക്കുന്ന ലായനി അണുവിമുക്തമാണോ എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തതയോടെ ചെയ്യുന്നതാണ് നല്ലത്. ബാനറും കൊടിയും നിറവും വച്ചുള്ള പ്രചരണപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജലവിഭവ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നുകൊണ്ട് ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ മരുന്ന് എല്ലായിടവും ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണ്. ഗ്രാമങ്ങളിലെ മെഡിക്കല്‍ സ്‌റ്റോറുകളിലായാലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതായിട്ടണ്ട്. കോഴിത്തീറ്റ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇന്ന് 31 ലോഡ് വന്നിട്ടുണ്ട്. ആവശ്യത്തിനുള്ള തീറ്റ എത്തിക്കാനുള്ള നടപടികള്‍ തന്നെയാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത്  ഒരു സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത് 11 നഴ്‌സുമാരെ അവിടുന്ന് പിരിച്ചുവിട്ടു എന്നുള്ള ഒരു പരാതി. പിരിച്ചുവിടല്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ല. സര്‍കക്കാര്‍ അതില്‍ ഇടപെടുകതന്നെ ചെയ്യും. മത്സ്യബന്ധനവവുമായി ബന്ധപ്പെട്ട് നല്ല ക്രമീകരണം ഫിഷറീസ് വകുപ്പു മന്ത്രി ഇടപെട്ടുകൊണ്ടുതന്നെ വരുത്തിയിട്ടുണ്ട്. ഇന്നലെ ആ പ്രശ്‌നങ്ങള്‍ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് തീരദേശത്ത് സംഘര്‍ഷാവസ്ഥ ഇല്ലാതിരിക്കാന്‍ പോലീസ് ജാഗ്രത കാണിക്കേണ്ടതാണ്. വനിതാ ജീവനക്കാര്‍, അവശ്യ സര്‍വ്വീസിലുള്ളവര്‍ ജോലിസ്ഥലത്തേക്കെത്തുന്നത് ചിലപ്പൊ അവരുടെ കുടുംബാംഗങ്ങള്‍ അവരെ എത്തിക്കുന്നതായിരിക്കും. അങ്ങനെ എത്തിച്ച് തിരിച്ചു പോകുമ്പോള്‍ ആ കുടുംബാംഗങ്ങളെ പോലീസ് തടയുന്നു എന്ന പരാതി വരുന്നുണ്ട്. പോലീസ് തടയുന്നതില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ അവര്‍ ഇന്ന കാര്യത്തിനാണ് വന്നത് എന്നു ബോധ്യപ്പെട്ടാല്‍ തടസ്സമില്ലാതെ പോകാന്‍ അനുവദിക്കുന്ന നില ഉണ്ടാവണം. ഇതോടൊപ്പം കാണേണ്ട ഒരു കാര്യം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഇതില്‍ ഒന്ന് കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കഴിക്കേണ്ട ഗുളിക എന്ന നിലയില്‍ ഒരു ശബ്ദ സന്ദേശം ഡോക്ടറുടേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ മൊബൈല്‍ ആപ്പുകളും ഉണ്ടാക്കുന്നു. കാസര്‍കോഡ് അതിര്‍ത്തി തുറന്നു എന്നുതന്നെ ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ട് അതിര്‍ത്തിയില്‍ എത്തുകയുണ്ടായി. അതിര്‍ത്തിയുടെ കാര്യത്തില്‍ നാം ഉന്നയിച്ചിരുന്ന പ്രശ്‌നം അതിര്‍ത്തി മണ്ണിട്ട് അടക്കാന്‍ പാടില്ല എന്നുള്ളതണ്. ചരക്കു ഗതാഗതം അനുവദിക്കണം എന്നുമാണ്. ആളുകള്‍ക്ക് സുഗമമായി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെന്നത് നമ്മുടെ ആവശ്യത്തില്‍ പെട്ടതല്ല. ആവശ്യമായ നിയന്ത്രണങ്ങള്‍ പാാലിക്കുന്നതില്‍ നമുക്ക് ഒരു തടസ്സവുമില്ല. ഇത്തരം കാര്യങ്ങളില്‍ നാം ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്താ പ്രജരണം തടയാന്‍ പോലീസിന്റെ ഇടപെടല്‍ ശക്തതിപ്പെടുത്തും. കാസര്‍കോഡ് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത ഉണ്ടോ എന്ന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇത് നേരത്തേ സൂചിപ്പിച്ച കാര്യമാണ്, നല്ല ജാഗ്രത പാലിക്കണം എന്നുള്ളത്. അവിടെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അപ്പോ ആ മാധ്യമപ്രവര്‍ത്തകരും അവരുമായി ബന്ധപ്്‌പെട്ട മറ്റു സുഹൃത്തുക്കകള്‍ എല്ലാവരും ശ്രദ്ധിച്ച് കാര്യങ്ങള്‍ നീകക്കേണ്ടതായിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് 45 ലക്ഷം കുട്ടികളാണ് ഇപ്പോള്‍ വീട്ടിലിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റയും SCERT യുടെയും നേതൃത്വത്തില്‍ സമഗ്ര പോര്‍ട്ടലില്‍ അവധികാല സന്തോഷങ്ങള്‍ എന്ന പേരില്‍ പ്രത്യേക ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് വ്യാപകമായി പ്രയോജനപ്പെടുത്താന്‍ ആവണം. കോഴിക്കോട്ടെ NIT പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള കോഴ്‌സ് സൗജന്യമായി തുടങ്ങിയിട്ടുണ്ട്. പക്ഷേ അതിന് ഒരു വ്യവസ്ഥയും അവര്‍ പറഞ്ഞിട്ടുണ്ട്. ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റസീറ്റ് അയച്ചു കൊടുക്കുന്നവര്‍ക്കാണ് സൗജന്യമായി കോഴ്‌സില്‍ ചേരാനാവുക. ഒരു നല്ല മുന്‍കൈയ്യാണ്. കമ്മ്യൂണിറ്റി കിച്ചണുകളിലായാലും റേഷന്‍ കടകളിലായാലും മറ്റെവിടെയായാലും ആവശ്യം വേണ്ട ശാരീരിക അകലം എല്ലാവരും നിര്‍ബന്ധമായും പാലിച്ചിരിക്കണം. കമ്മ്യുണിറ്റി കിച്ചണില്‍ ചില സംഘടനകള്‍ ഇടപെട്ട് മത്സരിക്കുന്ന നടപടി ഒഴിവാക്കണം. അവിടെ നിയോഗിക്കപ്പെട്ടവര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കാസര്‍കോഡ് മെഡിക്കല്‍ കോളേജില്‍ ഉപകകരണങ്ങള്‍ വാങ്ങുന്നതിന് പ്രാഥമിക സഹകരണമായി 65 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മ്മിച്ച വീടുകള്‍ കോവിഡ് ഐസൊലേഷനായി വിട്ടു നല്‍കാം എന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. കര്‍ണ്ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് ചരക്കുനീക്കവും രോഗികളുടെ സഞ്ചാരവും ഉറപ്പാക്കുന്നതിന് ഇടപെടാമെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. അതിന്റെ ആദ്യഗഡുവായി 20 കോടിയുടെ ചെക്ക് വൈദ്യുതമന്ത്രി എം.എം മണിയെ ഏല്‍പ്പിച്ചിട്ടുണ്ട്. 5 ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ നേരത്തേ കെ എസ് ഇ ബി നല്‍കുകയും ചെയ്തിരുന്നു. Kerala Power and Ifrastructure Finance Corporation ഒരു കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഒരു കോടി രൂപ സംഭാവന നല്‍കി. കൊല്ലം കോര്‍പ്പറേഷന്‍ ഒരു കോടി രൂപ സംഭാവന നല്‍കി. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സഹകരണ സംഘം 50 ലക്ഷം രൂപ സംഭാവന നല്‍കി. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ സംഭാവന നല്‍കി. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള തീരുമാനത്തെ INTUC സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ന് ആകെ ലഭിച്ചത് 32071627 രൂപയാണ്. ഇതോടൊപ്പം ചൂണ്ടിക്കാണിക്കാനുള്ള ഒരു കാര്യം ഡല്‍ഹി നിസ്സാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ 157 പേരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. എല്ലാ ജില്ലകളില്‍ നിന്നും ഉള്ളവരുണ്ട്. ഇവരുടെ വിശദാംശം സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ സംശയിക്കുന്ന ആളുകള്‍ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ചിലര്‍ ഡല്‍ഹിയില്‍ തന്നെയാണ് ഉള്ളത്.




Comments

Popular posts from this blog

ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും

പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?